സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുന്നു; 8 ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്; ഉച്ചസമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

Update: 2026-03-08 06:20 GMT

തിരുവനന്തപുരം: കേരളത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പരിശോധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എട്ട് പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അള്‍ട്രാവയലറ്റ് സൂചിക (ഡഢ കിറലഃ) 6 മുതല്‍ 7 വരെ എത്തുമ്പോഴാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. സൂചിക 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലര്‍ട്ടും 11-ന് മുകളിലായാല്‍ റെഡ് അലര്‍ട്ടും നല്‍കും. മൂന്നാര്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ പലപ്പോഴും സൂചിക 8-ന് മുകളില്‍ എത്താറുള്ളതിനാല്‍ അതീവ ജാഗ്രത വേണം.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

സമയക്രമം: പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് രശ്മികളുടെ തോത് ഏറ്റവും കൂടുതല്‍. ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

വസ്ത്രധാരണം: ശരീരം പൂര്‍ണ്ണമായും മറയുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കരുതുക.

പ്രത്യേക ജാഗ്രത: പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പുറമെ കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, ചര്‍മ്മരോഗമുള്ളവര്‍ എന്നിവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

വിശ്രമം: യാത്രയ്ക്കിടയിലും ജോലിയിലും ഇടവേളകള്‍ എടുത്ത് തണലത്ത് വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

Similar News