പെരുമ്പാവൂരില്‍ തന്നെ മത്സരിക്കും; ഹൈക്കമാന്‍ഡ് പിന്തുണയുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി

Update: 2026-03-10 12:22 GMT

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ പൂര്‍ണ്ണ യോഗ്യനാണെന്നും പാര്‍ട്ടി നേതൃത്വം തനിക്കൊപ്പമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നേരില്‍ കണ്ട് തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമ്പാവൂരില്‍ താന്‍ തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സി.യുടെ നിലപാടെന്നും മണ്ഡലത്തിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെന്നും എല്‍ദോസ് പറഞ്ഞു. 'ജനാധിപത്യ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നേതൃത്വത്തിന്റെ നിലപാട് എനിക്ക് അനുകൂലമാണ്,' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേസുകളുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കും ഐ.സി. ബാലകൃഷ്ണനും സീറ്റ് നല്‍കുന്നതിനെച്ചൊല്ലി ഹൈക്കമാന്‍ഡ് തലത്തില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അധ്യാപിക നല്‍കിയ പരാതിയില്‍ എല്‍ദോസിനെതിരെ നിലവിലുള്ള കേസും ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യവുമാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ വിജയസാധ്യത പരിഗണിച്ച് ഇരുവരെയും മത്സരിപ്പിക്കണമെന്ന നിലപാടിലാണ് കെ.പി.സി.സി. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം ഈ മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമാകും.

Similar News