കാലുമാറ്റത്തെ ആരും അംഗീകരിക്കില്ലെന്ന് ബാലഗോപാല്‍; സരിന്‍ വന്നപ്പോള്‍ എന്തായിരുന്നു നിലപാടെന്ന് ഐഷ പോറ്റി; പാര്‍ട്ടി മാറ്റത്തെ ചൊല്ലി സ്ഥാനാര്‍ത്ഥികളുടെ വാക്‌പോര്
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി മാറ്റത്തെ ചൊല്ലി കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്‌പോര്. കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷ പോറ്റിയുമാണ് നേര്‍ക്കുനേര്‍ വാക്‌പോരിലെത്തിയത്. സ്വന്തം കാര്യത്തിനായി പോയ ആളെ എല്‍ഡിഎഫുകാര്‍ പിന്തുണയ്ക്കില്ലെന്നും കാലുമാറ്റത്തെ കോണ്‍ഗ്രസുകാരും അംഗീകരിക്കില്ലെന്നും കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. വാക്കിന് വിലയുള്ളതാണ് നമ്മുടെ സമൂഹമെന്നും സ്ഥാനാര്‍ത്ഥി ബാലഗോപാല്‍ പറഞ്ഞു.
പി. സരിന്‍ സിപിഎമ്മില്‍ വന്നപ്പോള്‍ നിലപാട് എന്തായിരുന്നുവെന്ന് ഐഷ പോറ്റി തിരിച്ചടിച്ചു. സിപിഎം വിട്ടാല്‍ മാത്രമല്ല വര്‍ഗ വഞ്ചന. സിപിഎമ്മില്‍ നേരിട്ടത് കടുത്ത അവഗണനയാണെന്ന് ഐഷ പോറ്റി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ചെറ്റത്തരം പ്രയോഗത്തിനും ഐഷ പോറ്റി വിമര്‍ശനം ഉന്നയിച്ചു. നേതാക്കള്‍ അന്തസ്സായി സംസാരിക്കണം. സംസ്‌കാരമുള്ള ഭാഷ ഉപയോഗിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ ഉണ്ടാകുന്നില്ല. പൊളിഞ്ഞു വീഴാറായിടത്ത് ആരെങ്കിലും ഇരിക്കുമോയെന്നും ഐഷ പോറ്റി തിരിച്ചടിച്ചു.