'നാളെ എന്നെ ഇല്ലാതാക്കിയേക്കാം, തേജോവധം ചെയ്തേക്കാം, പക്ഷേ എന്തുവന്നാലും നേരിടും'; ബിജെപിക്ക് വോട്ട് നൽകരുത്; ട്രാൻസ്‌ജെൻഡർ സമൂഹത്തോട് ആഹ്വാനവുമായി രഞ്ജു രഞ്ജിമാർ

Update: 2026-03-27 10:13 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്‌ജെൻഡർ സമൂഹം ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് രഞ്ജു ഇൻസ്റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്തു. മനുഷ്യ മനസ്സ് കാണാൻ കഴിയാത്തവർ ഭരിക്കാൻ വരരുതെന്നും ഇതിന്റെ പേരിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും നേരിടുമെന്നും രഞ്ജു കുറിച്ചു. 'നോ ട്രാൻസ് വോട്ട് ടു ബിജെപി' എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രഞ്ജുവിന്റെ കുറിപ്പ്.

"വിവരമുള്ള ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികളേ, ദയവു ചെയ്ത് നിങ്ങൾ എന്തിന്റെ പേരിൽ ആണെങ്കിലും ഈ പാർട്ടിക്ക് വോട്ട് നൽകരുത്. നാളെ ഒരുപക്ഷേ എന്നെ ഇല്ലാതാക്കിയേക്കാം, തേജോവധം ചെയ്തേക്കാം. പക്ഷേ എന്തുവന്നാലും നേരിടും," രഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പ്രമുഖർ ബിജെപിയിൽ ചേർന്നത് ചർച്ചയായിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങിയവർ ഉൾപ്പെടെ പതിനഞ്ചോളം പേരാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി വന്നാൽ കേരളത്തിന്റെ ചരിത്രം മാറുമെന്നും തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് നാട് വളരുമെന്നുമാണ് സീമ വിനീത് അടക്കമുള്ളവർ നിലപാടെടുത്തത്. എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടികയിൽ സെലിബ്രിറ്റികൾക്ക് മുൻഗണന നൽകുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് രഞ്ജു രഞ്ജിമാറിന്റെ പരസ്യമായ ഈ ആഹ്വാനം ശ്രദ്ധേയമാകുന്നത്.

Tags:    

Similar News