എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാന്‍; അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; യുഡിഎഫ് സമ്മര്‍ദ്ദം ചെലുത്തി എന്ന ആരോപണം പ്ലാന്‍ പൊളിഞ്ഞതിനാലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Update: 2026-03-27 11:42 GMT

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, യുഡിഎഫ് ക്യാമ്പുകളില്‍ ആത്മവിശ്വാസം വാനോളമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ദിവസം കഴിയുന്തോറും യുഡിഎഫ് അനുകൂല തരംഗം സംസ്ഥാനത്ത് ശക്തിപ്പെടുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇടതുമുന്നണിയും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണകള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫ് വലിയ പ്രതിരോധത്തിലാണെന്നും ഈ 'ഡീല്‍' രാഷ്ട്രീയത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ പോലും യുഡിഎഫിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പേരാമ്പ്രയിലെ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നും അത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്നും പ്രചാരണരംഗത്ത് സജീവമാണെന്നത് യുഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു. മുസ്ലീം ലീഗ് ഇത്തവണ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായിരിക്കും സ്വന്തമാക്കുകയെന്നും കുന്നത്ത് മുഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം മങ്കടയില്‍ വലിയ ഭൂരിപക്ഷം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. എന്നാല്‍ ആ തന്ത്രം ഫലിക്കില്ലെന്ന് കണ്ടപ്പോള്‍ പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നില്‍ യുഡിഎഫ് സമ്മര്‍ദ്ദമാണെന്ന ആരോപണം തങ്ങളുടെ പ്ലാന്‍ പാളിയപ്പോള്‍ അവര്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പരിഹസിച്ചു. മലപ്പുറം ജില്ലയില്‍ ലീഗ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നും യുഡിഎഫ് വലിയ വിജയം കൊയ്യുമെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഈ അവസരത്തില്‍ ഉറപ്പിച്ചു പറഞ്ഞു.

Similar News