ഈസ്റ്റര്‍ ദിനത്തിലെ ജെ.ഇ.ഇ പരീക്ഷ മാറ്റാം; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഇടപെടലുമായി സുരേഷ് ഗോപി; പരീക്ഷാ തീയതി മാറ്റാന്‍ മാര്‍ച്ച് 28 വരെ അപേക്ഷിക്കാം

Update: 2026-03-27 14:23 GMT

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ നടക്കാനിരിക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷാ തീയതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ഏപ്രില്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഈ വര്‍ഷത്തെ ജെ.ഇ.ഇ മെയിന്‍ രണ്ടാം ഘട്ട പരീക്ഷകള്‍ ഏപ്രില്‍ 2 മുതല്‍ 10 വരെയാണ് നടക്കുന്നത്. ഇതില്‍ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 5-ലെ പരീക്ഷ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങള്‍ അയക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 28 ആണ്.

ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവാ നിവേദനം നല്‍കിയിരുന്നു. വിഷയം ഗൗരവകരമായി പരിഗണിക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അനുകൂലമായ തീരുമാനം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് അതിപ്രധാനമായ ദിനത്തില്‍ പരീക്ഷ വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.

Similar News