'പത്ത് കൊല്ലം ഭരിച്ച മുഖ്യമന്ത്രി ജയിക്കാനായി എസ്ഡിപിഐയുടെ കാലുപിടിക്കുന്നു; സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു; എഫ്‌സിആര്‍എ ഭേദഗതിയിലൂടെ ആരെയും ഉപദ്രവിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനും രംഗത്തെത്തിയതോടെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലായിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളിയ രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ കാര്യങ്ങള്‍ പഠിക്കാതെ വിഡ്ഢിയെപ്പോലെ സംസാരിക്കുകയാണെന്ന് പരിഹസിച്ചു. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നില്ലെന്ന രാഹുലിന്റെ വാദം തെറ്റാണെന്നും ഇതിന്റെ വീഡിയോ തെളിവുകള്‍ താന്‍ അയച്ചുതരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള അന്തര്‍ധാരയെയും അദ്ദേഹം കടന്നാക്രമിച്ചു. പത്ത് കൊല്ലം ഭരിച്ച മുഖ്യമന്ത്രി ജയിക്കാന്‍ വേണ്ടി എസ്ഡിപിഐയുടെ കാലുപിടിക്കുകയാണെന്നും നേമത്തെ വികസന മുരടിപ്പിനെക്കുറിച്ച് സംവാദത്തിന് താന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
എഫ്സിആര്‍എ (FCRA) നിയമഭേദഗതിയെക്കുറിച്ച് ഉയരുന്ന വ്യാജ പ്രചാരണങ്ങളെയും രാജീവ് ചന്ദ്രശേഖര്‍ ശക്തമായി നേരിട്ടു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഭേദഗതികള്‍ കൊണ്ടുവരാന്‍ തങ്ങള്‍ വിഡ്ഢികളല്ലെന്നും ഇക്കാര്യത്തില്‍ ആരെയും ഉപദ്രവിക്കില്ലെന്നും അദ്ദേഹം 100 ശതമാനം ഗ്യാരണ്ടി നല്‍കി. കേരളത്തിന്റെ വികസനത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന എന്‍ഡിഎയുടെ പ്രകടന പത്രികയും ഇതിനിടെ പുറത്തിറക്കി. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ പാചകവാതക സിലിണ്ടറുകളും, ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നിനുമായി പ്രതിമാസം 2500 രൂപയുടെ സഹായവുമാണ് പ്രധാന വാഗ്ദാനങ്ങള്‍. കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന എയിംസ് യാഥാര്‍ത്ഥ്യമാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍ ശൃംഖല നടപ്പാക്കുമെന്നും പത്രിക ഉറപ്പുനല്‍കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് ഈ വികസന മാര്‍ഗരേഖ പ്രകാശനം ചെയ്തത്.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം, ദേവസ്വം ബോര്‍ഡുകളുടെ പുനഃസംഘടന, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്. എല്ലാ വീടുകളിലും പ്രതിമാസം 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. തൃശ്ശൂര്‍-ഗുരുവായൂര്‍ റെയില്‍വേ പാത തിരൂരിലേക്ക് നീട്ടുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്. 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെയാണ് ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നത്.
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആറ്റിങ്ങലില്‍ നടന്ന ആവേശകരമായ റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. സുധീറിന് വോട്ടഭ്യര്‍ത്ഥിച്ച് നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്നും ഇവരുടെ വ്യാജമായ 'ഡീല്‍' ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും നിതിന്‍ നബീന്‍ വ്യക്തമാക്കി. ബിജെപിയുടെ ഈ ശക്തമായ കടന്നുവരവ് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആത്മവിശ്വാസം.
