കുന്ദമംഗലത്ത് 'ബക്കറ്റ്' മാറ്റി അജ്ഞാതര്‍; പിടിഎ റഹീമിന് അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന് വ്യാജ സന്ദേശം! എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുന്ദമംഗലത്തെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി പിടിഎ റഹീമിന്റെ പേരില്‍ വ്യാജ ഫോണ്‍ കോള്‍ സന്ദേശമെന്ന പരാതിയുമായി എല്‍ഡിഎഫ് നേതൃത്വം രംഗത്ത്. ചിഹ്നം മാറ്റി പറഞ്ഞ് പിടിഎ റഹീമിന്റെ പേരില്‍ ഫോണ്‍ സന്ദേശം വരുന്നതായാണ് പരാതി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബക്കറ്റിന് പകരം ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍.
പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ തവണ സീറ്റ് ലീഗിന് വിട്ടു നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ പൊതുസ്വതന്ത്രനായി നിര്‍ത്തിയുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നു. സിപിഐഎം ശക്തികേന്ദ്രമായ ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 23,302 വോട്ടിന്റെ ഭൂരിപക്ഷവും യുഡിഎഫ് നേടി. ഈ കണക്കുകള്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പിടിഎ റഹീം കൊണ്ടുവരുന്ന വോട്ടുകളിലാണ് ഇത്തവണയും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. 2021 ല്‍ ദിനേശ് പെരുമണ്ണയ്‌ക്കെതിരെ 10276 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പിടിഎ റഹീമിന് ലഭിച്ചത്.