വയനാട് തുരങ്കപാത പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി; പാരിസ്ഥിതിക അനുമതിയില്ലാതെ നിര്‍മ്മാണമെന്ന വാദം തള്ളി
വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ അപ്പീല്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖയാണെന്ന് നിരീക്ഷിച്ച കോടതി, പാരിസ്ഥിതിക അനുമതിയില്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന സമിതിയുടെ വാദം തള്ളിക്കളയുകയായിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തുരങ്കപാതയുടെ നിര്‍മ്മാണം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധ സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സാങ്കേതിക വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ അഭിപ്രായത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 58 നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. നിബന്ധനകള്‍ പാലിച്ചില്ലെന്ന് വ്യക്തമായാല്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്തുന്നത് സര്‍ക്കാരുകള്‍ക്ക് പരിമിതികളുള്ള കാര്യമാണ്. ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന ഈ തുരങ്കപാത വന്യജീവികളെ ബാധിക്കില്ലെന്നും കോടതി വിലയിരുത്തി. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വയനാട്-കോഴിക്കോട് യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വയനാട് തുരങ്കപാത നിര്‍മ്മിക്കുന്നത്. മുന്‍പ് ഈ പ്രദേശത്ത് മണ്ണിടിച്ചിലില്‍ 400 പേര്‍ മരിച്ച അപകടസാദ്ധ്യതയുള്ള മേഖലയിലാണ് തുരങ്ക നിര്‍മ്മാണമെന്നായിരുന്നു പ്രകൃതി സംരക്ഷണ സമിതിയുടെ പ്രധാന വാദം.