രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; പേരാമ്പ്രയില്‍ ഇത്തവണ കൊട്ടിക്കലാശമില്ല; വാഹന പ്രചാരണ ജാഥകള്‍ മാത്രം

Update: 2026-04-06 11:09 GMT

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസത്തിലെ കൊട്ടിക്കലാശം പേരാമ്പ്ര ടൗണില്‍ ഒഴിവാക്കി. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ശക്തമായ രാഷ്ട്രീയ മത്സരവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് പോലീസിന്റെ അടിയന്തര ഇടപെടല്‍. മുന്നണി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്താണ് പോലീസ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കൊട്ടിക്കലാശം വേണ്ടെന്നു വെക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകകണ്ഠമായി തീരുമാനിച്ചു.

വാശിയേറിയ പോരാട്ടം നടക്കുന്ന പേരാമ്പ്രയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടയിലുണ്ടായ അനൗണ്‍സ്‌മെന്റ് വിവാദം പ്രവര്‍ത്തകര്‍ക്കിടയിലെ ചേരിതിരിവ് രൂക്ഷമാക്കി. പരസ്യപ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ടൗണില്‍ കേന്ദ്രീകരിച്ചാല്‍ അത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പോലീസിന്റെ നീക്കം.

കൊട്ടിക്കലാശം ഒഴിവാക്കിയതോടെ, പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി വാഹന പ്രചാരണ ജാഥകള്‍ മാത്രമായി ചടങ്ങുകള്‍ ചുരുക്കാന്‍ മുന്നണികള്‍ തീരുമാനിച്ചിട്ടുണ്ട്. ടൗണില്‍ ശക്തിപ്രകടനം നടത്തുന്നതിന് പകരം ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ബൂത്ത് തലങ്ങളിലും പ്രചാരണം അവസാനിപ്പിക്കാനാണ് നിലവിലെ ആലോചന.

സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച പോരാട്ടമാണ് പേരാമ്പ്രയില്‍ നടക്കുന്നത്. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ എല്‍.ഡി.എഫിനായി ജനവിധി തേടുമ്പോള്‍, മുസ്ലിം ലീഗിന്റെ കരുത്തയായ യുവനേതാവ് ഫാത്തിമ തഹിലിയയാണ് യു.ഡി.എഫിന് വേണ്ടി മത്സരരംഗത്തുള്ളത്. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ കാണുന്നത്. കൊട്ടിക്കലാശം ഒഴിവാക്കിയ സാഹചര്യത്തില്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. ടൗണിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Similar News