ദേശീയപതാക കാവിയാക്കണമെന്ന പരാമര്‍ശം; ബിജെപി നേതാവ് എന്‍ ശിവരാജന് പോലീസ് നോട്ടീസ്

ബിജെപി നേതാവ് എന്‍ ശിവരാജന് പോലീസ് നോട്ടീസ്

Update: 2025-07-01 12:09 GMT

പാലക്കാട്: ദേശീയപതാക കാവിയാക്കണമെന്ന ആവശ്യമുന്നയിച്ച ബിജെപി നേതാവ് എന്‍ ശിവരാജന് പൊലീസ് നോട്ടീസ്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് നോട്ടീസ് നല്‍കിയത്. വിവിധ സംഘടനകളുടെ പരാതിയില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ മുന്നേ കേസ് എടുത്തിരുന്നു. ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞത്.

രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് ശിവരാജന്റെ വിവാദ പരാമര്‍ശം. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജന്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്ക്ക് സമാനമായ കൊടികള്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ടിയും ഉപയോഗിക്കാന്‍ പാടില്ല. കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് വേണമെങ്കില്‍ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യന്‍ ചരിത്രമറിയാത്ത രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കില്‍ ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ പറഞ്ഞിരുന്നു.

Tags:    

Similar News