ഓണം സ്പെഷ്യൽ ഡ്രൈവ്; മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
മലപ്പുറം: എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടവണ്ണപ്പാറ സ്വദേശിയായ ഷാക്കിർ ജമാൽ.പി.സി (28) ആണ് പിടിയിലായത്. അരീക്കോട് ഭാഗത്ത് ലഹരി മരുന്ന് വിൽപനയ്ക്കായി കൊണ്ടുവന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 22.21 ഗ്രാം മെത്താംഫിറ്റമിനാണ് പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്.
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ.എൻ, ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ.ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തു പിടികൂടിയത്. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആസിഫ് ഇക്ബാൽ.കെ, സിവിൽ എക്സൈസ് ഓഫീസർ അനീസ് ബാബു, ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ.എം എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.