ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 28.27 ലക്ഷം രൂപ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 28.27 ലക്ഷം രൂപ തട്ടിയെടുത്തു
പാലക്കാട്: ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് 28.27 ലക്ഷം രൂപ തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് കൃഷ്ണഗിരികാവേരിപട്ടണം സ്വദേശി അരവിന്ദനെ(27) ആണ് ജില്ലാ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൊര്‍ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. 2024 നവംബറിലാണ് സംഭവം. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കി പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ടെലഗ്രാം വഴിയാണ് തട്ടിപ്പുകാര്‍ സമീപിച്ചത്. തുടര്‍ന്ന് ഷൊര്‍ണൂര്‍ സ്വദേശി ഇവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകള്‍ നിക്ഷേപിച്ചു. ആദ്യം ലാഭം നല്‍കി. വിശ്വാസം നേടിയെടുത്തശേഷം വിലിയ തുക നിക്ഷേപിപ്പിക്കുകയായിരുന്നു.
നഷ്ടപ്പെട്ട തുകയില്‍ പത്ത് ലക്ഷം രൂപ അരവിന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ ഈ തുക ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് ഉപയോഗിച്ചതായി കണ്ടെത്തി. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി ശശികുമാര്‍, എസ്ഐ വി രാജേഷ്, എസ്സിപിഒ എസ് സുജിത്, സിപിഒമാരായ കെ വി പ്രേംകുമാര്‍, ആര്‍ പദ്മാനന്ദ്, എ ഫാസില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചെന്നും സൈബര്‍ പൊലീസ് അറിയിച്ചു.