നെല്ല് സംഭരണത്തിന് അമിത കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ; ജെ ബ്ലോക്കിലെ നെല്ല് സംഭരണവും പ്രതിസന്ധിയിൽ; കളക്ടർ ഇടപെട്ടിട്ടും പരിഹാരമായില്ല; കർഷകർ പ്രക്ഷോഭത്തിലേക്ക്
കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ കായൽ പാടശേഖരമായരം ജെ ബ്ലോക്ക് 9000ൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുകാർ കിഴിവു വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. 400 ഏക്കറിലെ കൊയ്ത് കഴിഞ്ഞപ്പോൾ സംഭരണത്തിനായി എത്തിയ മില്ലുകാർ അമിത കീഴിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കർഷകർ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. സംഭവത്തിൽ കലക്ടർ ഇടപെട്ടിട്ടും മില്ലുടമകൾ ഇടഞ്ഞ് നിൽക്കുകയാണ്. കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടും നെല്ല് സംഭരിക്കാൻ മില്ലുകൾ തയ്യാറായിട്ടില്ല.
ജെ ബ്ലോക്കിൽ നിന്ന് കിഴിവില്ലാതെ നെല്ല് സംഭരിക്കാൻ മില്ലുകളും ഏജന്റും തയ്യാറായില്ലെങ്കിൽ ഇവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കളക്ടർ പാഡി വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. പുതുതായി ഭരണമേറ്റ പാടശേഖര സമിതിയെ സമ്മർദ്ദത്തിലാക്കി കിഴിവാവശ്യപ്പെട്ടിരിക്കുകയാണ് മില്ല് ഏജന്റന്മാർ. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 4മുതൽ 5 കിലോ നെല്ല് കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ കർഷകർ ഈ ആവശ്യം തള്ളി. മില്ലുകാർ സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരത്തിന്റെ കണക്ക് ഈർപ്പം 17 ശതമാനത്തിൽ താഴെയും കറവൽ 3 ശതമാനത്തിൽ താഴെയുമേ കാണാവൂ എന്നാണ് നിയമം.
സപ്ലൈകോ നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാരമുള്ള നെല്ലാണെങ്കിലും മില്ലുകാർക്കു കിഴിവ് വേണമെന്നു നിർബന്ധമാണ്. കിഴിവാവശ്യത്തിൽ പ്രതിഷേധിച്ച് കർഷകർ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. വേനൽമഴ ആശങ്ക നിലനിൽക്കെ, കർഷകരെ സമ്മർദ്ദത്തിലാക്കി വൻ കിഴിവ് നേടാനുള്ള ശ്രമമാണ് മില്ലുടമകൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. പൊള്ളുന്ന ചൂടിൽ ഉണക്കിയ നെല്ലിനും മില്ലുടമകൾ ചോദിക്കുന്നത് വൻ കിഴിവാണ്. ജെ. ബ്ലോക്ക് പാടശേഖരത്തിലെ കൃഷിക്കാരുടെ പൊതുയോഗം നടന്നു. കിഴിവ് കൊടുക്കാതെ തന്നെ നെല്ല് സംഭരണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കർഷകർ നാളെ രാവിലെ പാടി ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.