വഴിയില്‍ നിന്ന് ഉപേക്ഷിച്ച നിലിയല്‍ പെപ്പര്‍ സ്പ്രേ; ബാഗില്‍ എടുത്തിട്ട് ക്ലാസില്‍ കൊണ്ടുവന്ന് ക്ലാസില്‍ പ്രയോഗിച്ചു; വായുവില്‍ പരന്ന രൂക്ഷമായ ഗന്ധത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശ്വാസ തടസ്സം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പുന്നമൂട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഭവിച്ചത്

Update: 2025-10-16 03:14 GMT

നേമം: പുന്നമൂട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസില്‍ പെപ്പര്‍ സ്പ്രേ പടര്‍ന്ന സംഭവം ആശങ്കയുണ്ടാക്കി. അപ്രതീക്ഷിതമായി വായുവില്‍ പരന്ന രൂക്ഷമായ ഗന്ധം മൂലം വിദ്യാര്‍ഥികളും അധ്യാപകരും ശ്വാസതടസ്സവും തലചുറ്റലും അനുഭവിക്കുകയായിരുന്നു. പത്തു വിദ്യാര്‍ഥികളെയും രണ്ടു അധ്യാപകരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യഘട്ടത്തില്‍ ചിലരുടെ ഓക്സിജന്‍ നില താഴ്‌ന്നെങ്കിലും, സമയബന്ധിതമായ ചികിത്സയിലൂടെ വൈകുന്നേരത്തോടെ എല്ലാവരും അപകടനില തരണം ചെയ്തു ആശുപത്രിയില്‍ നിന്ന് മടങ്ങി. സംഭവം നടന്നത് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ മുകളിലെ നിലയിലെ പ്ലസ് വണ്‍ സയന്‍സ് ക്ലാസ് മുറിയിലാണ്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍, വഴിയില്‍ നിന്ന് കണ്ടെത്തിയ ഒരു പെപ്പര്‍ സ്പ്രേ കുപ്പി കൗതുകത്തോടെ പ്രയോഗിച്ചതാണെന്ന് വിദ്യാര്‍ഥി പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് കുപ്പി ക്ലാസ് മുറിക്ക് സമീപമുള്ള ശുചിമുറിയില്‍ നിന്നു കണ്ടെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.

അസുഖം അനുഭവിച്ച അധ്യാപികമാരായ ബേബി സുധ, സജി എന്നിവര്‍ക്കൊപ്പം അഞ്ചു വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ബാധിതരായത്. ആദ്യം നേമം താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി പിന്നീട് നെയ്യാറ്റിന്‍കര, തിരുവനന്തപുരം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.

ശബ്ദം കേട്ട് അടുത്ത ക്ലാസ് മുറിയില്‍ നിന്നെത്തിയ അധ്യാപകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്പ്രേയുടെ കാലാവധി കഴിഞ്ഞതായിരിക്കാമെന്ന പ്രാഥമിക നിഗമനവും അധികൃതര്‍ പങ്കുവെച്ചു.

Tags:    

Similar News