'ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിക്കാൻ അവർ പ്രാപ്തരാകണം..'; പൊതുവിദ്യാലയങ്ങളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പുത്തൻ പദ്ധതി; ഇതൊരു പുതിയ തുടക്കമെന്ന് മന്ത്രി

Update: 2025-06-18 07:49 GMT

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കം കുറിക്കുന്നതിനോടപ്പം പുത്തനൊരു പദ്ധതിക്കും തുടക്കം കുറിച്ച്‍ വിദ്യാഭ്യാസ മന്ത്രി. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള 'കൂടെയുണ്ട് കരുത്തേകാൻ' എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ചരിത്രദൗത്യമായ ഈ പദ്ധതിയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട് ഗവ മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകൾ

നമ്മുടെ പൊതുവിദ്യാലയങ്ങൾ വെറും പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളാകണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഉണ്ടാകണം. ഓരോ കുട്ടിയും സുരക്ഷിതരാണെന്നും അവരെ പിന്തുണയ്ക്കാൻ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും അവർക്ക് തോന്നണം.

വിദഗ്ധരുടെ സഹായത്തോടെയുള്ള കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവയെല്ലാം 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയിൽ ഉൾപ്പെടുന്നു. അധ്യാപകർക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും വേണ്ട പിന്തുണ നൽകാനും പരിശീലനം ലഭിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനും പദ്ധതിയിലൂടെ സാധിക്കും. കുട്ടികളിലെ ഗുണപരമായ മാറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News