സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്; മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന ലീഗ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയില്‍ അധിക്ഷേപിച്ച മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്.
ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നേതൃനായകനായ മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് കരുതേണ്ട. പൊതുപരിപാടിയിലെ അധിക്ഷേപ പരാമര്‍ശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണ്. ലീഗിന്റെ സാസ്‌കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ലീഗ് നേതൃത്വം ഒഴിവാക്കണം. വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണം. സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു ലീഗ് വേദിയില്‍ സലാം പ്രസംഗിച്ചത്. വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വനിതാ സമ്മേളനത്തിലാണ് പരാമര്‍ശം.