പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരുന്ന പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ റിമാന്‍ഡ് ചെയ്തു

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരുന്ന പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം

Update: 2025-06-10 04:06 GMT

റാന്നി: പോക്സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട് കന്യാകുമാരി തിരുവട്ടാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വള്ളിക്കുട്ടിവിളൈ കല്‍ക്കുളം ഉമ്മന്‍കോട് 20/31/1 ല്‍ രാജേഷ് (45) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. മൂന്നിന് ഉച്ചയ്ക്ക് 2.30 ന് അങ്ങാടി പഞ്ചായത്ത് ഓഫീസ് വളപ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടറില്‍ ഇരുന്ന പെണ്‍കുട്ടിയെ ആംഗ്യം കാട്ടി അരികിലേക്ക് വിളിച്ചവരുത്തിയ ഇയാള്‍ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത റാന്നി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുട്ടിക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്താനുള്ള നടപടിയും കൈകൊണ്ടു. തുടര്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ് ഐ റെജി തോമസും എസ് സി പി ഒ സുമില്‍, സി പി ഒ ശൈലേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഉടനടി പിടികൂടിയത്.

Tags:    

Similar News