റിയൽ എസ്റ്റേറ്റ് ബിസിനസിനായി 1.61 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചു; നടൻ ബാബുരാജിനെതിരെ കേസെടുത്ത് പോലീസ്
അടിമാലി: യുകെ മലയാളികളിൽ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചെന്ന പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അടിമാലി പോലീസ് നോട്ടീസ് അയച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്ന് 1.61 കോടി രൂപ തട്ടിയെന്നാണ് പരാതി.
ബാബുരാജിൻ്റെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് എതിരെയാണ് കേസെടുത്തത്. ആലുവ പോലീസ് നൽകിയ പരാതി അടിമാലിയിലേക്ക് കൈമാറുകയായിരുന്നു. നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു. സിനിമാ ചിത്രീകരണത്തിൻ്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് മറുപടി നല്‍കിയത്.
അതേസമയം, മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്നതിനെതിരെ അംഗങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. ബാബുരാജിൻ്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ അനൂപ് ചന്ദ്രന്‍, മല്ലിക സുകുമാരന്‍ എന്നിവരടക്കം വിവിധ താരങ്ങള്‍ വിമര്‍ശിച്ചു. ഇതിനിടെയാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്.