കാങ്കരുകളുടെ നാട്ടിലേക്ക് പോയ ആ വീട്ടുകാർ; തൊട്ട് അടുത്തായി റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസും; എന്നിട്ടും അത് സംഭവിച്ചു; ലൈറ്റ് ഇടാനായി എത്തിയ ആൾ കണ്ടത്; തലയിൽ കൈവച്ച് പോലീസ്
ആലുവ: എറണാകുളം ആലുവയിൽ വീടുകൾ പൂട്ടി വിദേശത്ത് പോയവരുടെ വീടുകൾ കേന്ദ്രീകരിച്ച് തുടരുന്ന മോഷണ പരമ്പരയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം. ആലുവ റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിന് കേവലം നൂറ് മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണ്ണം കവർന്നത്. ആലുവ നഗരസഭ നാലാം വാർഡിലെ തോട്ടക്കാട്ടുകരയിലുള്ള ജോർജ്ജ് സേവ്യറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഓസ്ട്രേലിയയിൽ താമസിക്കുന്ന ജോർജ്ജ് സേവ്യറും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിലെ ലൈറ്റുകൾ ഇടുന്നതിനായി ചുമതലപ്പെടുത്തിയയാൾ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് വീടിനുള്ളിൽ വ്യാപകമായ നശീകരണവും മോഷണവും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമയെ വിവരമറിയിക്കുകയും അദ്ദേഹം പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഡിസംബർ 24-നും ഈ മാസം ആദ്യദിനങ്ങളിലുമായിട്ടാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞയാഴ്ച ആലുവ കാസിനോ ഹോട്ടലിന് സമീപമുള്ള ഒരു വിദേശ മലയാളി വീട്ടിലും സമാനമായ മോഷണം നടന്നിരുന്നു. ഈ സംഭവങ്ങളിലെ പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ മോഷണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിരലടയാള വിദഗ്ധരും പോലീസ് അന്വേഷണ സംഘവും ജോർജ്ജ് സേവ്യറിന്റെ വീട്ടിൽ വിശദമായ പരിശോധന നടത്തി. ഒരേ സംഘമാണോ ഈ കവർച്ചകൾക്ക് പിന്നിലെന്നും മോഷണരീതികളിലെ സാമ്യവും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തിൽ വർധിച്ചുവരുന്ന മോഷണങ്ങൾ തടയുന്നതിനായി കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആലുവ റൂറൽ പോലീസ് അറിയിച്ചു.