മൂന്നാഴ്ചയ്ക്കിടെ കത്തിച്ചത് രണ്ട് വീടുകളുടെ വാതിലുകൾ; അലമാരയിൽ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അതൊന്നുമെടുത്തില്ല; പിടിയിലായ കള്ളന്റെ മൊഴിയിൽ അമ്പരന്ന് പോലീസ്

Update: 2025-08-31 04:52 GMT

സുൽത്താൻബത്തേരി: മൂന്നാഴ്ചയ്ക്കിടെ രണ്ട് വീടുകളുടെ വാതിലുകൾ കത്തിച്ച് മോഷണശ്രമം നടത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. കേസിൽ ഒരാൾ അറസ്റ്റിലായി. മാടക്കര പൊന്നംകൊല്ലി പനയ്ക്കൽ രതീഷ് (42) ആണ് പിടിയിലായത്. പ്രതിയുടെ ദേഷ്യമാണെന്ന് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പതിവായി തേങ്ങയിടാൻ രതീഷിനെ വിളിച്ചിരുന്നയാൾ മറ്റൊരാളെക്കൊണ്ട് തേങ്ങ ഇട്ടതിന്റെ ദേഷ്യത്തിനാണ് ആ വീടിന്റെ വാതിലുകൾ കത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി.

ഈ മാസം അഞ്ചിന് ഫെയർലാൻഡിൽ ആളില്ലാത്ത വീടിന്റെ രണ്ട് വാതിലുകൾ കത്തിച്ച സംഭവത്തിലും കഴിഞ്ഞ ദിവസം കോട്ടക്കുന്നിൽ ബിജെപി നേതാവ് പി.സി. മോഹനന്റെ വീടിന്റെ വാതിൽ കത്തിച്ചതിലുമാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. കോട്ടക്കുന്നിലെ വീട്ടിലെ വാതിൽ കത്തിക്കുന്നതിന്റെ തലേദിവസം പഴയ കമ്പുകളും പൈപ്പുകളും എടുക്കാൻ ശ്രമിച്ചതിനെ സമീപവാസികൾ തടഞ്ഞതിലെ വൈരാഗ്യമാണ് രണ്ടാമത്തെ സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

രണ്ട് സംഭവങ്ങളിലും വീടിന്റെ വാതിലുകൾ കത്തിച്ചതല്ലാതെ അകത്തു കടന്ന പ്രതികൾ ഒന്നും കവർച്ച ചെയ്തിട്ടില്ല. കോട്ടക്കുന്നിലെ വീട്ടിൽ അലമാരയിൽ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അകത്ത് നിന്ന് ടിവി മാത്രമാണ് പുറത്തെടുത്ത് വെച്ചതെന്നത് മോഷണമല്ല ലക്ഷ്യമെന്ന് സൂചിപ്പിക്കുന്നു. തേങ്ങയിടാനും ആക്രി സാധനങ്ങൾ ശേഖരിക്കാനും പോകുന്ന രതീഷ് ടൗണിലും പരിസരങ്ങളിലും കറങ്ങി നടക്കാറുണ്ട്. മുൻപ് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ വാഹനം കത്തിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News