പ്രവാസികളുമായി കൈകോര്‍ത്ത് സഹകരണ മേഖലയിലൂടെ ഹോര്‍ട്ടികള്‍ച്ചര്‍ വിപ്ലവം; നടപ്പാക്കുക പിഒടി മാതൃകയില്‍
തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കുന്നു. 'പ്ലാന്റ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍' (പിഒടി) പദ്ധതിയിലൂടെയാണ് പ്രവാസികളുടെ ഭൂമിയില്‍ ഉയര്‍ന്ന നിലവാരമുള്ള പഴവര്‍ഗ്ഗ തോട്ടങ്ങള്‍ വളര്‍ത്തി വിളവെടുപ്പും വിപണനവും നടത്തി നിശ്ചിത കാലയളവിന് ശേഷം ഭൂമിയും തോട്ടവും ഉടമയ്ക്ക് തിരികെ നല്‍കുക. ആദ്യഘട്ടമായി ആഗസ്റ്റ് 12 ന് പത്തനംതിട്ട ജില്ലാ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം 50 ഏക്കറില്‍ പദ്ധതിക്ക് തുടക്കമിടും. തുടര്‍ന്ന് സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കും.
പദ്ധതി നടത്തിപ്പ് പൂര്‍ണമായും കേരളത്തിലെ പ്രാഥമിക വായ്പാ കാര്‍ഷിക സംഘങ്ങളുടെ കീഴിലായിരിക്കും. ഇതിനു സന്നദ്ധമായ ഓരോ സംഘവും കുറഞ്ഞത് ഒരു ഏക്കര്‍ വീതമുള്ള പ്ലോട്ടുകള്‍ കണ്ടെത്തി കുറഞ്ഞത് അഞ്ചു ഏക്കറില്‍ കൃഷി ചെയ്യും. പ്രവര്‍ത്തനത്തിനായി സംഘം ഒരു നിശ്ചിത ഷെയര്‍ വഹിക്കും. ബാക്കി സഹകരണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും പദ്ധതി വിഹിതമായി ലഭ്യമാക്കും. ധനസമാഹരണം, തൊഴിലാളികളുടെ വിന്യാസം, വിപണനം എന്നിവയ്ക്ക് സഹകരണ സംഘങ്ങള്‍ മേല്‍നോട്ടം വഹിക്കും. കൃഷി തുടങ്ങി നാലാം വര്‍ഷം മുതല്‍ സംഘത്തിന് വരുമാനം കിട്ടി തുടങ്ങും.
അവോക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, കിവി, മാംഗോസ്റ്റീന്‍, റംബുട്ടാന്‍ എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍. രണ്ടാം വര്‍ഷം മുതല്‍ വിളവെടുപ്പ് ആരംഭിക്കാനാകുന്ന ഈ മരങ്ങള്‍ 10-15 വര്‍ഷം വരെ സ്ഥിരമായ വരുമാനം നല്‍കും. വിളവെടുപ്പ് നടത്തിയ ഫലങ്ങള്‍ ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ എത്തിക്കാനായി കോ-ഓപ്പറേറ്റീവ് ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡിംഗ് നടത്തും. ജാം, സ്‌ക്വാഷ്, ഫ്രോസണ്‍ ഫ്രൂട്ട്, ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുടെ മൂല്യവര്‍ദ്ധിത യൂണിറ്റുകളും സ്ഥാപിക്കും.
കേരളത്തെ ഹൈവാല്യു ഹോര്‍ട്ടികള്‍ച്ചര്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും പുറമേ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കാനുമാകും. കേരളത്തിന്റെ കാര്‍ഷിക,സാമ്പത്തിക വളര്‍ച്ചക്കും പ്രവാസികളുടെ ഭൂമിസുരക്ഷയ്ക്കും ഒരുപോലെ പ്രയോജനകരമായ ഈ സംരംഭം സഹകരണ പ്രസ്ഥാനവും പ്രവാസി സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടും. പ്രവാസി കുടുംബങ്ങള്‍ക്ക് വയോജന പരിപാലനം, സാന്ത്വന പരിചരണം തുടങ്ങിയ ക്ഷേമപരിപാടികളും പിഒടി പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്താന്‍ സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.