അനിശ്ചിതകാല സ്വകാര്യ ബസ് സമരം; സ്വകാര്യ ബസുടമകളുമായി ചര്‍ച്ച ഇന്ന്; ഗതാഗത മന്ത്രിയുടെ ഓഫീസിൽ ചര്‍ച്ച നടക്കും

Update: 2025-07-16 02:29 GMT

തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങിയ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുക. ബസുടമകളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനും സമാധാനപരമായ പരിഹാരത്തിന് വഴിയൊരുക്കുന്നതിനുമായാണ് ചര്‍ച്ച.

ജൂലൈ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളിലുള്ള പെര്‍മിറ്റുകള്‍ അനുവദിക്കുക, മോട്ടോര്‍ വാഹന വകുപ്പ്-പോലീസ് പരിശോധനകള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. അന്യായമായി പിഴ ചുമത്തുന്ന പ്രവണതകള്‍ക്കും ഉടനെ പരിഹാരം കാണണമെന്ന ആവശ്യമുയരുന്നുണ്ട്.

ഒരു കാലത്ത് 32,000 ബസുകളുണ്ടായിരുന്ന സ്വകാര്യ ബസ് വ്യവസായം ഇപ്പോള്‍ 7,000 ബസുകളിലേയ്ക്ക് ചുരുങ്ങിയിട്ടുണ്ട്. വ്യവസായം നിലനിര്‍ത്താന്‍ നടപടികള്‍ ആവശ്യമാണ് എന്ന് ബസുടമകള്‍ അഭിപ്രായപ്പെട്ടു. മുമ്പ് ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്ന് ജൂലൈ 7ന് സൂചന പണിമുടക്ക് നടത്തി. അതിന് പിന്നാലെയാണ് പണിമുടക്ക് അനിശ്ചിതകാലമാക്കാനുള്ള തീരുമാനം.

ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ ചര്‍ച്ചയില്‍ ആശയവിനിമയത്തിനും സമവായത്തിനും സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസുടമകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Tags:    

Similar News