കൈയിലെ ഞരമ്പുകള്‍ അറ്റു, ചുണ്ടുകളിലും ആഴത്തില്‍ മുറിവ്; ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ട് റാഗിങ്; കോളേജിലെ സീനിയർ ജൂനിയർ വിദ്യാർഥികൾ ഏറ്റുമുട്ടി; കേസെടുത്ത് പോലീസ്

Update: 2025-10-18 15:16 GMT

വടകര: റാഗിങ്ങിനെച്ചൊല്ലി സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ചെരണ്ടത്തൂർ എം.എച്ച്.ഇസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളേജിലാണ് കൂട്ടയടി ഉണ്ടായത്. സംഭവത്തിൽ ഒന്നാംവർഷ ബി.കോം വിദ്യാർഥിക്ക് സാരമായ പരിക്കേൽക്കുകയും മൂന്നു വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

സംഘർഷത്തിൽ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതിനെത്തുടർന്നാണ് ആയഞ്ചേരി സ്വദേശിയായ ഒന്നാംവർഷ ബി.കോം വിദ്യാർഥിക്ക് പരിക്കേറ്റത്. വിദ്യാർഥിയുടെ ഇടത് കൈയിലെ ഞരമ്പുകൾ അറ്റുപോവുകയും ചുണ്ടുകളിൽ ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്തതായി പയ്യോളി പോലീസ് അറിയിച്ചു. മൂന്നു വിദ്യാർഥികളെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളതെന്നും ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മൂന്നു വിദ്യാർഥികളെയും അന്വേഷണ വിധേയമായി കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. 

Tags:    

Similar News