'വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്'; കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരും; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കുറിപ്പുമായി രാഹുൽ ഈശ്വർ
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. 'വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്' എന്ന് ഫേസ്ബുക്കിൽ കുറിച്ച രാഹുൽ ഈശ്വർ, എത്രകാലം കള്ളക്കേസിൽ അകത്തിട്ടാലും സത്യം തെളിയിച്ച് അവൻ തിരിച്ചുവരുമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് 16 ദിവസത്തോളം ജയിലിൽ അടച്ചിരുന്നു. ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷവും യുവതിയെ അധിക്ഷേപിച്ചതിനെ തുടർന്ന് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും അതിജീവിത സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.