ജനങ്ങളുടെ വികാരം ഏറ്റവും കൂടുതൽ മനസ്സിലാക്കിയ നേതാവ്; ജീവത്തിൽ പല അർത്ഥത്തിലും ഗുരു; കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മൻ ചാണ്ടിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

Update: 2025-07-18 09:58 GMT

കോട്ടയം: ജീവത്തിൽ പല അർത്ഥത്തിലും തന്റെ ഗുരുവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടിയെന്നും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനങ്ങൾക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അടുത്ത് കണ്ടുവെന്ന് രാഹുൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് അദ്ദേഹം. ഇവിടെ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യംതന്നെയുണ്ട്.

ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഡോക്ടർമാർ ഉമ്മൻചാണ്ടിയോട് നടക്കരുത് എന്ന് പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം യാത്രയുടെ ഭാഗമായി. കുറച്ചു ദൂരമേ നടക്കാവൂ എന്ന് താൻ അദ്ദേഹത്തോട് നിർബന്ധപൂർവം പറഞ്ഞിരുന്നു. വളരെ നിർബന്ധിച്ചാണ് തിരിച്ച് കാറിലേക്കു കയറ്റിയത്. രാഷ്ട്രീയത്തിൽ നന്നായി സംസാരിക്കാൻ മാത്രം അറിഞ്ഞാൽ ഇതിനു കഴിയില്ലെന്നും, ജനത്തിനു വേണ്ടി ജീവിക്കാനുള്ള വികാരം ഉണ്ടായാലേ ഇങ്ങനെ കഴിയൂ എന്നും രാഹുൽഗാന്ധി പറഞ്ഞു.

ഉമ്മൻചാണ്ടി ഒരു വ്യക്തി മാത്രമല്ല. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ്. കേരളത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യമുണ്ട്. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു പാട് പേരെ വളർത്താൻ ആണ് ശ്രമം. ഉമ്മൻ ചാണ്ടിക്ക് എതിരെ ക്രിമിനൽ ആക്രമണമാണ് നടന്നത്. ആ സമയത്ത് പോലും ഉമ്മൻ ചാണ്ടി ആരെയും കുറ്റം പറഞ്ഞില്ല. ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്. പ്രവൃത്തിയിലൂടെ വഴികാട്ടുന്നയാളാണ് ഗുരു. കേരളത്തിലുള്ള പലർക്കും അദ്ദേഹം ഗുരുവാണ്. പ്രവൃത്തിയിലൂടെയാണ് ഉമ്മൻചാണ്ടി വഴി കാട്ടിയത്. ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരുന്നവരെ ഉറ്റു നോക്കുന്നതായും രാഹുൽഗാന്ധി പറഞ്ഞു.

അദ്ദേഹം ക്രൂരമായ രാഷ്ട്രീയ ആക്രമണങ്ങള്‍ക്കിരയായി. നിര്‍ത്താതെയുള്ള നുണകള്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. ആ സമയത്തുപോലും അദ്ദേഹം മറ്റൊരാളെക്കുറിച്ച് ദേഷ്യത്തോടെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. എപ്പോഴും വിനയാന്വിതനായി കേരളത്തിലെ ജനതയ്ക്കുവേണ്ടി സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ടീച്ചര്‍ ഒരു കാര്യം വിശദീകരിച്ചുതരുന്ന വ്യക്തിയാണ്. പക്ഷേ, വഴികാട്ടിത്തരുന്നയാളാണ് ഗുരു. അത് സ്വയം പ്രവൃത്തികളിലൂടെയാണ് കാണിച്ചുതരിക. അങ്ങനെ നോക്കിയാല്‍ പല അര്‍ഥത്തിലും ഉമ്മന്‍ ചാണ്ടി തന്റെയും കേരളത്തിലെ ജനങ്ങളുടെയും ഗുരുവായിരുന്നു. ഏതെങ്കിലും ഉദ്ധരണികള്‍ പറഞ്ഞല്ല, പ്രവൃത്തികളിലൂടെയാണ് അദ്ദേഹം നമുക്ക് വഴികാട്ടിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News