സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആണ് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് നാളെ (ഞായറാഴ്ച) യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും ഒക്ടോബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളത്. അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.