ആഭ്യന്തര അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തിയത്; സര്‍ക്കാര്‍ ഫയല്‍ റിപ്പോര്‍ട്ട് കണ്ട് അവസാനിപ്പിച്ചു; ഈ റിപ്പോര്‍ട്ട് പോലീസിനും ഉപയോഗിക്കാം; പ്രതികരിച്ച് മന്ത്രി രാജന്‍

Update: 2025-03-09 05:26 GMT

തിരുവനന്തപുരം : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീന്‍ ബാബു മനപ്പൂര്‍വ്വം ഒരു ഫയല്‍ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തില്‍ പരിശോധിച്ചതെന്നും നവീന്‍ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും കെ രാജന്‍ അറിയിച്ചു.

ആഭ്യന്തര അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തിയത്. സര്‍ക്കാര്‍ ഫയല്‍ റിപ്പോര്‍ട്ട് കണ്ട് അവസാനിപ്പിച്ചു. മറ്റ് കാര്യങ്ങള്‍ പൊലീസാണ് അന്വേഷിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഈ കണ്ടെത്തന്‍ എഡിഎം കേസിലെ ക്രൈം അന്വേഷിക്കുന്ന ഏജന്‍സിക്ക് ഉപയോഗിക്കാം. കേസിലെ ഗൂഢാലോചന റവന്യൂ വകുപ്പിന് അന്വേഷിക്കാന്‍ കഴിയില്ല, അതെല്ലാം പൊലീസാണ് അന്വേഷിക്കേണ്ടത്. പൊലീസിന് റവന്യൂ വകുപ്പ് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ കണ്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു.

പൊലീസ് അന്വേഷണം നടക്കുമ്പോള്‍ മന്ത്രി എങ്ങനെ അഭിപ്രായം പറയുമെന്ന് ചോദിച്ചൊഴിച്ച കെ രാജന്‍, കോടതിക്ക് മുമ്പാകെ നില്‍ക്കുന്ന കാര്യമായതിനാല്‍ വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ പ്രത്യേക പ്രസ്താവന നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാം അന്വേഷണവും കഴിയട്ടെ. നവീന്‍ ബാനുവിന്റെ കുടുംബ ത്തിന് നീതി ലഭിക്കുമെന്നാണ് ഇപ്പോഴത്തെയും വിശ്വാസം. അല്ലെങ്കില്‍ അപ്പോള്‍ പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

നവീന്‍ ബാബു, ദിവ്യ, കെ രാജന്‍

Similar News