വണ്ണം കൂടുതലാണെന്ന തോന്നല്‍; യൂട്യൂബില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്ന് അവശനിലയിലായി; കൂത്തുപറമ്പില്‍, മരണമടഞ്ഞ പതിനെട്ടുകാരിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്

യൂട്യൂബ് നോക്കി ഡയറ്റെടുത്ത പെണ്‍കുട്ടി മരിച്ചു.

Update: 2025-03-09 10:55 GMT

കണ്ണൂര്‍: യൂട്യൂബ് നോക്കി ഡയറ്റെടുത്ത പെണ്‍കുട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി കൈതേരികണ്ടി വീട്ടില്‍, എം. ശ്രീനന്ദ(18)യാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു.

വണ്ണം കൂടുതലാണെന്ന ധാരണയില്‍, കുറച്ചുനാളായി കുറഞ്ഞ അളവിലാണ് ഭക്ഷണം കഴിച്ചിരുന്നത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പഠനത്തില്‍ മിടുക്കിയായിരുന്നു.

യൂട്യൂബില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ തോതിലുളള ഭക്ഷണം, ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതോടെയാണ് കോഴിക്കോട് നിന്ന്. തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനന്ദയുടെ ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്. ഇതിനിടയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.

അച്ഛന്‍ ആലക്കാടന്‍ ശ്രീധരന്‍. അമ്മ എം ശ്രീജ. സഹോദരന്‍: യദുനന്ദ്

Tags:    

Similar News