പെൺകുട്ടിയുടെ ഫോൺവിളികൾ നിരീക്ഷിച്ചതോടെ പുറത്ത് വന്നത് ഓൺലൈൻ ടാക്സി ഡ്രൈവരുടെ ക്രൂരത; പ്രണയം നടിച്ച് 15-കാരിയോട് ലൈംഗികാതിക്രമം; പിടിയിലായ പ്രതി വിവാഹിതൻ
By : സ്വന്തം ലേഖകൻ
Update: 2025-09-26 10:16 GMT
കൊച്ചി: പതിനഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. വയനാട് ചീരാൽ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
പഠനത്തിൽ ശ്രദ്ധയില്ലാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയുടെ ഫോൺവിളികൾ നിരീക്ഷിക്കുകയും ചെയ്തപ്പോഴാണ് നൗഷാദുമായി പ്രണയത്തിലാണെന്ന് അറിയുന്നത്. നൗഷാദ് വിവാഹിതനാണെന്നും മാതാപിതാക്കൾക്ക് മനസ്സിലായി. തുടർന്ന്, രക്ഷിതാക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ വകുപ്പുകൾ ചുമത്തി നൗഷാദിനെതിരെ പോലീസ് കേസെടുത്തു. എസിപി പി. രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം എസ്.എച്ച്.ഒ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.