സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചു; സൈബർ പട്രോളിംഗിൽ കുടുങ്ങിയത് വർഗീയ പോസ്റ്റുകൾ; കരിമ്പക്കാരൻ ലത്തീഫിനെ പൊക്കി പോലീസ്
പാലക്കാട്: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസിൽ പാലക്കാട് കരിമ്പ സ്വദേശി അറസ്റ്റിൽ. കരിമ്പ കരിമ്പനക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (59) ആണ് കല്ലടിക്കോട് പോലീസിൻ്റെ പിടിയിലായത്.
ഫേസ്ബുക്കിലൂടെ ഇയാൾ പ്രചരിപ്പിച്ച വിദ്വേഷപരമായ ഉള്ളടക്കം പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ കണ്ടെത്തുകയായിരുന്നു. സൈബർ പട്രോൾ വിഭാഗം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്ത് അബ്ദുൽ ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണവും കർശന നിയമനടപടികളും തുടരുമെന്ന് പോലീസ് വ്യക്തമാക്കി.