സപ്ലൈകോ ഓട്ട്ലെറ്റിന് സമീപം ജീവന് വേണ്ടി പിടഞ്ഞ് ഒരു മിണ്ടാപ്രാണി; പരിക്കേറ്റ നിലയിൽ ഉടുമ്പ്; നിസ്സഹായ കാഴ്ച കണ്ടുനിൽക്കവേ രക്ഷകനായി റസ്ക്യുവർ; ഒടുവിൽ സംഭവിച്ചത്
കണ്ണൂർ: ബക്കളം സപ്ലൈക്കോ ഔട്ട്ലെറ്റിന് സമീപം പരിക്കേറ്റ് അവശനിലയിലായ ഒരു ഭീമൻ ഉടുമ്പിന് തുണയായത് മാധ്യമ പ്രവർത്തകന്റെയും വനം വകുപ്പിന്റെയും ഇടപെടൽ. ഏകദേശം പത്ത് കിലോയോളം ഭാരമുള്ള ഉടുമ്പിനെയാണ് നാട്ടുകാരുടെ വിവരമനുസരിച്ച് മാധ്യമപ്രവർത്തകനായ ബിജ്നുവിന്റെ നേതൃത്വത്തിൽ അതിവിദഗ്ദ്ധമായി പിടികൂടി ചികിത്സ നൽകിയത്.
സംഭവമറിഞ്ഞെത്തിയ വനം വകുപ്പിന്റെ അംഗീകൃത അനിമൽ റസ്ക്യൂവർ ഷാജി ബക്കളം, ഉടുമ്പിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയായിരുന്നു. ഉടുമ്പിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളിൽ ഷാജി മരുന്ന് വെച്ചുപിടിപ്പിച്ചു. തുടർന്ന്, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഉടുമ്പിനെ സുരക്ഷിതമായി അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുകയായിരുന്നു.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കാര്യമായി പരിക്കേറ്റതാവാം ഈ ഉടുമ്പിനെന്ന് ഷാജി ബക്കളം പ്രാഥമിക നിഗമനത്തിൽ പറഞ്ഞു. ജീവന് ഹാനികരമാകുന്ന അവസ്ഥയിൽ കണ്ടെത്തിയ ഉടുമ്പിന് കൃത്യസമയത്ത് ലഭിച്ച ചികിത്സയും സംരക്ഷണവുമാണ് ജീവൻ നിലനിർത്താൻ സഹായിച്ചത്.