സേഫ് സോണ്‍ പദ്ധതിക്ക് ഹാറ്റ്സ് ഓഫ്; ശബരിപാതയില്‍ റോഡപകടങ്ങള്‍ കുറഞ്ഞു

Update: 2024-12-08 11:06 GMT

ശബരിമല :മണ്ഡല കാല തീര്‍ഥാടനം പകുതി പിന്നിടുമ്പോള്‍ ശബരി പാതയില്‍ ഭക്തര്‍ക്ക് ലഭിക്കുന്നത് സുരക്ഷിതയാത്ര . 21 ദിവസത്തിനിടെ ഇലവുങ്കല്‍,എരുമേലി ,കുട്ടിക്കാനം മേഖലകളിലെ 400 കിലോ മീറ്റര്‍ ചുറ്റളവില്‍ നടന്നത് ആകെ 38 അപകടങ്ങള്‍ . 20 പേര്‍ക്ക് പരിക്കേറ്റു. ആര്‍ക്കും ഗുരുതരപരിക്കുകളില്ല . ഇലവുങ്കലില്‍ 23 ഉം എരുമേലിയില്‍ പത്തും കുട്ടിക്കാനത്ത് അഞ്ചും അപകടങ്ങളാണ് ഉണ്ടായത് . പോയവര്‍ഷം ഇതേ കാലയളവില്‍ രണ്ടു പേരുടെ മരണം ഉള്‍പ്പടെ 60 അപകടങ്ങളാണ് ഉണ്ടായത്.എരുമേലിയിലും (22),കുട്ടിക്കാന(26) ത്തുമായിരുന്നു 2023 ല്‍ കൂടുതല്‍ അപകടങ്ങളും സംഭവിച്ചത്.

പട്രോളിംഗ് ശക്തമാക്കിയതും അനുകൂല കാലാവസ്ഥയും മികച്ച റോഡുകളുമാണ് ഇത്തവണ അപകടങ്ങളുടെ എണ്ണം കുറഞ്ഞതിന് കാരണമായതെന്ന് ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ കെ .കെ രാജീവ് പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം,എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് രാവും പകലുമായി പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ 40 ലക്ഷത്തോളം വാഹനങ്ങള്‍ തീര്‍ഥാടനപാതയിലൂടെ കടന്നു പോയി.ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ സവിശേഷത സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കാറുണ്ടെന്നും ഉറക്കം മാറ്റാന്‍ കട്ടന്‍ ചായ വിതരണം ചെയ്യുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു .

അപകടമുണ്ടായാല്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ സജ്ജമാണ് . വാഹനങ്ങള്‍ തകരാറിലായാല്‍ സൗജന്യ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട് . 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് റിപ്പയര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്.വാഹനാപകടം ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്ക് 09400044991(ഇലവുങ്കല്‍)094 96367974(എരുമേലി) 09446037100(കുട്ടിക്കാനം)എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News