മകരവിളക്ക് ദിനത്തില്‍ ശബരിമലയില്‍ സിനിമാ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു

Update: 2026-01-27 05:53 GMT

പത്തനംതിട്ട: മകരവിളക്ക് ദിനത്തില്‍ ശബരിമല സന്നിധാനത്തും വനമേഖലയിലും സിനിമാ ചിത്രീകരണം നടത്തിയ സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസെടുത്തു. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി ഷൂട്ടിങ് നടത്തിയതിനാണ് വനംവകുപ്പിന്റെ നടപടി. റാന്നി ഡിവിഷന് കീഴിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന അതീവ സുരക്ഷാ മേഖലയിലാണോ ചിത്രീകരണം നടന്നതെന്ന കാര്യം വനംവകുപ്പ് ഗൗരവമായി പരിശോധിച്ചുവരികയാണ്. പമ്പയിലാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സംവിധായകന്റെ വാദമെങ്കിലും വനമേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വനംവകുപ്പിന്റെ അനുമതിയില്ലാതെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പോലീസ് എഡിജിപി എസ്. ശ്രീജിത്തിന്റെ വാക്കാലുള്ള അനുമതി ചിത്രീകരണത്തിന് ഉണ്ടായിരുന്നുവെന്നാണ് അനുരാജ് മനോഹര്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ശബരിമല പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള വനമേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വനംവകുപ്പിന്റെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാണ്. വനംവകുപ്പിനെ അറിയിക്കാതെ മകരവിളക്ക് ദിവസം തിരക്കിനിടയില്‍ ഷൂട്ടിങ് നടത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. വനസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷൂട്ടിങ് സംഘം വനത്തിനുള്ളില്‍ കടന്ന വഴികളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ലൊക്കേഷനുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ പരിശോധിക്കും.

Similar News