ഉത്സവത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്തു; എസ്.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു, ഓടയിൽ തള്ളിയിട്ടു; പൊലീസുകാരനും സുഹൃത്തുക്കളും പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എസ്‌ഐയെ പോലീസുകാരനും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചു. നഗരൂർ എസ്‌ഐ അൻസാറിനാണ് മർദനമേറ്റത്. സംഭവത്തിൽ പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദു, ഇയാളുടെ സഹോദരൻ, സുഹൃത്തുക്കൾ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നഗരൂരിൽ ഗാനമേള നടന്നുകൊണ്ടിരിക്കെ, രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് എസ്‌ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഇതിന് പിന്നാലെ, ഗാനമേളയ്ക്ക് ശേഷം നന്ദുവും സംഘവും ചേർന്ന് എസ്‌ഐയെ വളഞ്ഞിട്ട് മർദിക്കുകയും സമീപത്തെ ഓടയിലേക്ക് തള്ളിയിടുകയുമായിരുന്നു. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.