'തനിക്ക് ആരോടും പരാതിയില്ല; മനുഷ്യനെ മനുഷ്യനായി കാണണം; വസ്ത്രത്തിന്റെയോ നിറത്തിന്റെയോ പേരില്‍ ആരെയും വിലയിരുത്തരുത്; ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം; അപമാനിച്ച കണ്ടക്ടര്‍ക്ക് മാപ്പ് നല്‍കി ദയാബായി
കൊച്ചി: അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കി ദയബായി. മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിന്റെയോ നിറത്തിന്റെയോ പേരില്‍ ആരെയും വിലയിരുത്തരുതെന്നും ദയബായി രണ്ട് പേര്‍ക്കും മാപ്പ് നല്‍കിക്കൊണ്ട് പറഞ്ഞു. ഇതോടെ പത്ത് വര്‍ഷം മുന്‍പ് നടന്ന ഒരു കേസാണ് തീര്‍പ്പായിരിക്കുന്നത്.
'തനിക്ക് ആരോടും പരാതിയില്ല. മോശമായി പെരുമാറിയ സംഭവത്തില്‍ ആദ്യം തന്നെ ഇയാള്‍ക്ക് മാപ്പ് നല്‍കിയതാണ്. മനുഷ്യനെ മനുഷ്യനായി കാണണം. വസ്ത്രത്തിന്റെയോ നിറത്തിന്റെയോ പേരില്‍ ആരെയും വിലയിരുത്തരുത്'. അത്തരം പ്രവണതകള്‍ ഉള്ളവര്‍ക്കുള്ള മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്ന് ദയാബായി പറഞ്ഞു.
2015ലാണ് കേസിനാസ്പദമായ സംഭവം. ഡിസംബറില്‍ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ദയാബായിയെ ആലുവ റെയില്‍വേ സ്റ്റേഷന് സമീപം ബസില്‍ വച്ച് അസഭ്യം പറയുകയും നിര്‍ബന്ധിച്ച് റോഡിലിറക്കി വിടുകയുമായിരുന്നുവെന്നാണ് പരാതി. അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ സംഭവത്തിന്റെ പേരില്‍ ദയാബായിയോട് നേരിട്ട് ഖേദപ്രകടനം നടത്തി. ഇതിനു പിന്നാലെ കണ്ടക്ടര്‍ക്കെതിരെ ചുമത്തിയ കേസാണ് ഇന്ന് ആലുവ കോടതിയില്‍ അവസാനിച്ചത്.
കേസിലെ എതിര്‍കക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറുമായിരുന്ന ഷൈലന്‍, ഡ്രൈവര്‍ യൂസഫ് എന്നിവരും കോടതിയില്‍ എത്തിയിരുന്നു. ഇവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ആയിരുന്നു കേസെടുത്തിരുന്നത്. അതേസമയം കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം അവര്‍ നേരിട്ട് എത്തിയത്.