പരീക്ഷ ഹാളില്‍ അധ്യപകര്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്; ഫോണ്‍ സ്വിച്ച് ഓഫിലും അനുവദിക്കില്ല; നടപടി പരീക്ഷ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി
തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി. ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
പരീക്ഷ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളില്‍ ഇന്‍വെജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനിമുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു.
2024 മാര്‍ച്ചില്‍ ഹയര്‍ സെക്കന്ററി (വൊക്കേഷണല്‍) വിഭാഗം ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയില്‍ ഇന്സ്പെക്ഷന് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. അന്ന് പരീക്ഷാ നടത്തിപ്പില്‍ കണ്ടെത്തിയ ക്രമക്കേടുകളും, ആയവ പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും, സുഗമമായ പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, ശുപാര്‍ശകളും റിപ്പോര്‍ട്ട് ആയി നല്‍കിയിരുന്നു.