നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടില്ല; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടില്ല

Update: 2025-01-24 10:31 GMT

കോഴിക്കോട്: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഘട്ടത്തിലുള്ള കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവില്ലെന്നും ഇരിക്കൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് നടത്തിയിട്ടില്ല. ഇന്‍ക്വസ്റ്റുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. അന്വേഷണ അവസ്ഥയിലുള്ള കേസില്‍, അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് സണ്ണിജോസഫിന് മറുപടി നല്‍കി.

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടോ എന്ന സണ്ണിജോസഫിന്റെ ചോദ്യത്തിന് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച വ്യക്തിയുടെ പരാതിയില്‍ കാര്യത്തില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്ന ടി.ജെ വിനോദിന്റെ ചോദ്യത്തിന് ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

Tags:    

Similar News