അയ്യനെ കണ്ട് തൊഴുത് മടങ്ങിയ 'റഹ്മത്ത്' വൺവേ തെറ്റിച്ച് പാഞ്ഞു; ഇത് ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസറെ പൊതിരെ തല്ലി തമിഴ്നാട് സ്വദേശികൾ; ഗ്ലാസ് പൊട്ടി കൈയ്ക്ക് പരിക്ക്
ഗുരുവായൂർ: വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ മഞ്ജുളാൽ ജംഗ്ഷനിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ, ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ഏഴുമണിയോടെ മേൽപ്പാലമിറങ്ങിയ ബസ് ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിയുകയായിരുന്നു. ഹരീഷ് നിർദ്ദേശം നൽകിയിട്ടും ബസ് മുന്നോട്ട് പോയതോടെ, അദ്ദേഹം ബസിന് പിന്നാലെ എത്തി കൈകൊണ്ട് ബസിൽ അടിച്ചു. ഈ സമയം ബസിന്റെ ഇടതുഭാഗത്തുള്ള ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിന്റെ കൈക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ബസിൽ നിന്നിറങ്ങിയ തമിഴ്നാട് സ്വദേശികളും ബസ് ജീവനക്കാരും ചേർന്ന് ഹരീഷിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
ശബരിമല തീർത്ഥാടനപാതയിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം പുനലൂരിൽ വനിതാ സ്പെഷ്യൽ പൊലീസ് ഓഫീസറെ മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഓഫീസറെ, വലിയ പാലം വഴി കടന്നു വന്ന നന്ദു മുടിയിൽ പിടിച്ചു വലിക്കുകയും തള്ളിയിടുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. മിനി പമ്പ എന്നറിയപ്പെടുന്ന ടി.ബി. ജംഗ്ഷനിൽ വനിതകളടക്കം നിരവധി സ്പെഷ്യൽ പൊലീസ് ഓഫീസർമാരാണ് രാവും പകലും ഡ്യൂട്ടി ചെയ്യുന്നത്. ഈ മേഖലയിൽ ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടക്കുന്നത് ഇത് ആദ്യമായാണ്.