രാവിലെ നടക്കാനിറങ്ങിയവർക്ക് നേരെ പാഞ്ഞെടുത്തു; എല്ലാവരും രക്ഷപ്പെടുന്നത് ജസ്റ്റ് മിസ്സിന്; മലപ്പുറത്ത് തെരുവുനായ ഭീതിയിൽ നാട്ടുകാർ

Update: 2025-10-19 10:10 GMT

മലപ്പുറം: മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമണം രൂക്ഷമാകുന്നു. വിദ്യാർത്ഥികളും പ്രഭാത സവാരിക്കാരും ഉൾപ്പെടെ പത്തോളം പേർക്ക് അടുത്തിടെ തെരുവുനായ്ക്കളുടെ കടിയേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കടുങ്ങാത്തുകണ്ടിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറു പേർക്കാണ് കടിയേറ്റത്. ഇവരിൽ അഞ്ച് വിദ്യാർത്ഥികളും ഒരു ഇതരസംസ്ഥാന തൊഴിലാളിയുമാണ് ഉൾപ്പെടുന്നത്. ടി.സി നഗർ, നടയാൽ പറമ്പ് എന്നിവിടങ്ങളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ ആക്രമണങ്ങൾ നടന്നത്. കാലിനും കൈക്കും മുഖത്തും മുറിവേറ്റ ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് തെരുവുനായയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത്, മൃഗാശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, എടക്കരയിലും പ്രഭാത സവാരിക്കിറങ്ങിയ നാലു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കൗക്കാട് ചിത്രംപള്ളിയിൽ സുധീർ ബാബു (45), കലാസാഗർ ചരുവിള മുളക്കടയിൽ റഹ്‌മാബി (63), കലാസാഗർ പടിയിൽ വർക്ക്ഷോപ്പ് നടത്തുന്ന ദാസൻ (60), തമ്പുരാൻകുന്നിന് സമീപം താമസിക്കുന്ന ഒരു യുവാവ് എന്നിവർക്കാണ് കടിയേറ്റത്. ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റഹ്‌മാബിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു.

Tags:    

Similar News