ഒന്ന് പുറത്തിറങ്ങാൻ നിവൃത്തിയില്ല; പൊന്നാനിയിലും ശോകം അവസ്ഥ തന്നെ; രണ്ട് ദിവസത്തിനിടെ ഇരുപതോളം പേരാണ് ആശുപത്രി വരാന്ത കയറിയിറങ്ങിയത്; തെരുവുനായ ശല്യം രൂക്ഷം
മലപ്പുറം: ജില്ലയിലെ പൊന്നാനിയിലും മാറഞ്ചേരിയിലുമായി പേവിഷബാധയേറ്റ ഒരു തെരുവുനായ രണ്ട് ദിവസത്തിനിടെ 20-ഓളം പേരെ ആക്രമിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. പൊതുജനങ്ങൾക്ക് ഭീഷണിയായ നായയെ പിന്നീട് അധികൃതർ പിടികൂടി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.
പൊന്നാനിയിൽ ചൊവ്വാഴ്ച മൂന്നുപേർക്കും, ബുധനാഴ്ച കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 13 പേർക്കും തെരുവുനായുടെ കടിയേറ്റു. തിരക്കേറിയ ചമ്രവട്ടം ജംഗ്ഷൻ, കുണ്ടുകടവ് ജംഗ്ഷൻ എന്നിവിടങ്ങളിൽ വെച്ചാണ് നായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്. ചൊവ്വാഴ്ച അംറ (8), ഹസിന (42), ജുബൈരിയ (31) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ജുവൈരിയ (44), ഇന്ദിര (48), ഹൽഖ (23), നിഷ (53), ഷാജിത (34), റിസ്വാന (22), ബദറുന്നിസ (48), ഭാസ്കരൻ (63), അഷിത (32), ശ്രീജിത്ത് (32), ശാന്ത (61) എന്നിവർക്കും കടിയേറ്റു. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
മാറഞ്ചേരിയിലും സമാനമായ ആക്രമണങ്ങൾ അരങ്ങേറി. താമലശ്ശേരി അമ്പാരത്ത് ഷെമീറിന്റെ മൂന്നര വയസ്സുകാരി മകൾ സംമ്‌റയ്ക്ക് വീട്ടുമുറ്റത്ത് കളിക്കുമ്പോളാണ് നായയുടെ കടിയേറ്റത്. മാസ്റ്റർപടി പുല്ലയിൽ ഒമ്പത് വയസ്സുകാരിക്കും വീട്ടുമുറ്റത്തുവെച്ച് കടിയേറ്റിട്ടുണ്ട്. മാറഞ്ചേരി സെന്ററിന് സമീപം വട്ടേകാട്ടിൽ ഹസീന, പരിച്ചകം കോമുണ്ടത്തേൽ ജുബൈരിയ എന്നിവർ റോഡിലൂടെ നടക്കുമ്പോഴും, മാറഞ്ചേരി വില്ലേജ് ഓഫീസ് പരിസരത്ത് വീട്ടുമുറ്റത്ത് നിന്ന ജുബൈരിയ എന്ന വീട്ടമ്മയ്ക്കും നായയുടെ ആക്രമണമുണ്ടായി.
രാവിലെ മുതൽ തെരുവുനായയുടെ പരാക്രമം രൂക്ഷമായതോടെ നഗരസഭ ഭരണസമിതി അംഗങ്ങളും ആരോഗ്യവിഭാഗവും കണ്ടിജന്റ് ജീവനക്കാരും ചേർന്ന് നായയെ പിടികൂടാൻ ശ്രമം തുടങ്ങി. ഉച്ചയോടെ മലപ്പുറത്തുനിന്ന് ഡോഗ് ക്യാച്ചർമാരും സ്ഥലത്തെത്തി. വൈകുന്നേരത്തോടെ നൈതല്ലൂർ റോയൽ സ്കൂളിന് സമീപത്തുനിന്ന് നായയെ പിടികൂടുകയും വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുറച്ചുകാലങ്ങളായി മാറഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
