തുറിച്ചുനോക്കിയെന്ന് പറഞ്ഞ് തർക്കം; സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ തല്ലിച്ചതച്ചതായി പരാതി; നിലത്തിട്ട് ഇടിച്ച് യൂണിഫോം വലിച്ചുകീറി കൊടുംക്രൂരത

Update: 2025-09-19 04:17 GMT

കടയ്ക്കാവൂർ: സ്കൂളിൽ റാഗിംഗിനും മർദ്ദനത്തിനും ഇരയായതായി പരാതി. തിരുവനന്തപുരം കടയ്ക്കാവൂരിൽ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പത്തോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചുവെന്നാണ് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ജൂലൈ 20-ന് മാത്രമാണ് വിദ്യാർത്ഥി സ്കൂളിൽ ചേർന്നത്.

ബസ്സിൽ വെച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി എന്ന കാരണമാണ് മർദ്ദനത്തിന് പിന്നിലെന്ന് വിദ്യാർത്ഥിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. "യൂണിഫോം കീറിയ നിലയിലും വല്ലാത്ത വിഷമത്തിലുമാണ് മകൻ വീട്ടിലെത്തിയത്. 10 പേർ ചേർന്നാണ് മർദ്ദിച്ചത്. ബസ്സിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിയെ തുറിച്ചുനോക്കി എന്ന് പറഞ്ഞാണ് അവർ അവനെ അടിച്ചത്," അമ്മ കൂട്ടിച്ചേർത്തു. നിലത്തിട്ട് ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.

എന്നാൽ, സംഭവത്തിൽ സ്കൂൾ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും, പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. ഇതേത്തുടർന്ന് രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News