ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ചോദ്യം? 'ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി മരിക്കണം' എന്ന് മറുപടി; പുതിയ ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി
കൊച്ചി: രാഷ്ട്രീയത്തിലെ വലിയ പദവികളേക്കാള്‍ ഉപരിയായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവനമനുഷ്ഠിച്ച് മരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയില്‍ നടന്ന 'ദേവി അവാര്‍ഡ്' ചടങ്ങിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. ഇത്രയുമാണ് തന്റെ ആഗ്രഹമെന്നും ഇതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഈ പ്രസ്താവന വിവാദമാകുമോ എന്ന ആശങ്കയും അദ്ദേഹം തമാശരൂപേണ പങ്കുവെച്ചു. 'ഇത് പറഞ്ഞാല്‍ അപകടമാകുമോ എന്ന് എനിക്കറിയില്ല. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉത്തരേന്ത്യന്‍ പത്രങ്ങള്‍ സുരേഷ് ഗോപി രാജി വെച്ചു, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി പോയി എന്നൊക്കെ എഴുതി പുകിലാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ ആഗ്രഹം പങ്കുവെച്ചത്.
സ്ത്രീകള്‍ ഇന്ന് കേവലം വികസനത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ യഥാര്‍ത്ഥ ശില്പികളാണെന്ന് ചടങ്ങില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്നത് അവര്‍ക്ക് അധികാരം നല്‍കലല്ല, മറിച്ച് അവര്‍ക്കുള്ളിലെ സഹജമായ കരുത്തിനെ തിരിച്ചറിയുക എന്നതാണ്. തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ വരെയും, സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ഗവേഷണ മേഖലകള്‍ വരെയും സ്ത്രീകള്‍ രാജ്യത്തെ നയിക്കുകയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ 'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വനിതാ പ്രതിഭകള്‍ക്ക് അദ്ദേഹം അവാര്‍ഡുകള്‍ വിതരണം ചെയ്തു.