ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പതിനെട്ടുകാരൻ മുങ്ങിമരിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-10-27 12:17 GMT
കൊച്ചി: ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും പുഴയിൽ തിരച്ചിൽ നടത്തി. തുടർന്ന് വൈഷ്ണവിനെ കണ്ടെത്തി പ്രാഥമിക ശുശ്രൂഷ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.