വിദേശത്തേക്ക് രാസലഹരി കടത്താന്‍ ശ്രമിക്കവേ എക്സൈസിന്റെ പിടിയിൽ; കണ്ടെടുത്തത് രണ്ടര കിലോഗ്രാം എംഡിഎംഎ; കേസിൽ 6 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ച് കോടതി; പ്രതികൾക്ക് 11 വര്‍ഷം കഠിന തടവ്
കൊച്ചി: കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് രാസലഹരി കടത്താന്‍ ശ്രമിച്ച കേസിൽ 6 വർഷങ്ങൾക്ക് ശേഷം പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുല്‍ സലാം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന കാറിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് രണ്ടര കിലോഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേരാണ് എക്സൈസിന്റെ പിടിയിലായത്. ട്രോളി ബാഗിനകത്ത് തുണികൾ നിറച്ച ശേഷം സൈഡിൽ പ്രത്യേക അറകളിലായാണ് മയക്കുമരുന്ന് കടത്തിയത്. വിമാനത്താവളത്തിൽ സ്കാൻ ചെയ്യുമ്പോൾ പെടാതിരിക്കാൻ കറുത്ത പോളിത്തീൻ കവറിലാണ് പ്രതികൾ മയക്കുമരുന്ന് നിറച്ചത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ് വർഷത്തിനിപ്പുറം എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞു. ഇരു പ്രതികള്‍ക്കും 11 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.