ജോലിക്കായെത്തിയ പതിനെട്ടുകാരൻ ചികിത്സയിലിരിക്കെ മരിച്ചു; നാട്ടിലെത്തിക്കാൻ പണമില്ലെന്ന പറഞ്ഞ ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം സംസ്കരിച്ചു; ചിതാഭസ്മം മധ്യപ്രദേശിലേക്കയച്ചത് പോലീസിന്റെ ഇടപെടലിൽ

Update: 2025-09-27 13:02 GMT

കോട്ടയം: ഇടുക്കിയിൽ ജോലി തേടിയെത്തിയ പതിനെട്ടുകാരൻ മധ്യപ്രദേശ് സ്വദേശി അമൻകുമാറിന്റെ ചിതാഭസ്മം ബന്ധുക്കൾക്ക് നാട്ടിലെത്തിക്കാൻ കേരളാ പൊലീസ് സഹായം നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച അമൻകുമാറിന്റെ മൃതദേഹം കരാറുകാരൻ ഉപേക്ഷിച്ചു പോയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.

ചിങ്ങവനം പൊലീസ്, അമൻകുമാറിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. തുടർന്ന്, ബന്ധുക്കളുടെ ആഗ്രഹപ്രകാരം മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചിതാഭസ്മം നാട്ടിലെത്തിക്കാൻ പൊലീസിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.കുറിയർ കമ്പനികൾ ചിതാഭസ്മം കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന്, പൊലീസ് തപാൽ മാർഗ്ഗം ഇത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കാൻ നടപടി സ്വീകരിച്ചു.

ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം പൊലീസ് സ്റ്റേഷനിൽ ഭദ്രമായി സൂക്ഷിച്ചു. ചിതാഭസ്മം കൈകാര്യം ചെയ്ത സിവിൽ പൊലീസ് ഓഫീസർ യു.ആർ. പ്രിൻസ്, ഈ സമയമത്രയും മത്സ്യ-മാംസാദികൾ വർജ്ജിച്ചിരുന്നു. ചിതാഭസ്മം ലഭിച്ച ശേഷം ബന്ധുക്കൾ, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ വി.എസ്. അനിൽകുമാറിനും സിവിൽ പൊലീസ് ഓഫീസർ സഞ്ജയനും നന്ദി അറിയിച്ചുകൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കി. 

Tags:    

Similar News