കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിൽ വൈരാഗ്യം; തട്ടുകട ഉടമയെ ആക്രമിച്ചു; കൊല്ലുമെന്ന് ഭീഷണി; കേസിൽ പിടിയിലായത് 21കാരൻ
തൃപ്രയാർ: ഭക്ഷണത്തിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് തട്ടുകട ഉടമയെ ആക്രമിച്ച കേസിൽ 21 വയസ്സുകാരൻ അറസ്റ്റിൽ. നാട്ടിക ചേര്‍ക്കര സ്വദേശി കുറുപ്പത്തുവീട്ടില്‍ ഹരിനന്ദനൻ (21) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെ ചേര്‍ക്കരയില്‍ എരവേലി സുനില്‍കുമാർ നടത്തുന്ന തട്ടുകടയിലായിരുന്നു സംഭവം.
ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ സുനില്‍കുമാറിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് കേസിൽ പറയുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹരിനന്ദനനെതിരെ നിലവിൽ ഏഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വലപ്പാട് സ്റ്റേഷൻ എസ്എച്ച്ഒ അനില്‍കുമാർ, എസ്‌ഐ എബിൻ, ജിഎഎസ്‌ഐമാരായ ഉണ്ണി, ഭരതനുണ്ണി എന്നിവരായിരുന്നു അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങൾ.