പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തുന്നത് പതിവ് പരിപാടി; പെരുമ്പാവൂരില്‍ മൂന്നംഗ മോഷണ സംഘം പിടിയില്‍; പിടിയിലായത് നിരവധി കേസുകളില്‍ പെട്ടവര്‍
പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തുന്നത് പതിവ് പരിപാടി
പെരുമ്പാവൂര്‍ : പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തുന്ന പ്രതികള്‍ പിടിയില്‍. കഴിഞ്ഞ 24ന് പുലര്‍ച്ചെ പെരുമ്പാവൂരിന് സമീപത്തെ ഒക്കല്‍ പെട്രോളിയം പമ്പിലും, വട്ടക്കാട്ടുപടിയിലുള്ള പമ്പിലും മോഷണം നടത്തിയ കേസില്‍ വടക്കേക്കര തച്ചപ്പിള്ളി വീട്ടില്‍ യദുകൃഷ്ണ (27), കൊടുങ്ങല്ലൂര്‍ ശൃംഗപുരം നെല്ലിപ്പറമ്പത്ത് ബൈജു (28), കണ്ടംതറയില്‍ വാടകയ്ക്ക് താമസിക്കുന്ന പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ നിസാര്‍ (26) എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വട്ടക്കാട്ടുപടിയിലുള്ള പമ്പില്‍ നിന്നും 55,000 രൂപയും ഒക്കല്‍ പമ്പില്‍ നിന്നും 13,000 രൂപയുമാണ് മോഷ്ടിച്ചത്. രണ്ട് പമ്പുകളുടെയും ഷട്ടറുകളുടെ താഴ് തകര്‍ത്ത് ഗ്ലാസ് പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുട മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികളെ വടക്കേക്കര, തൃശൂര്‍ താണിശ്ശേരി ഭാഗങ്ങളില്‍ നിന്നുമാണ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ ഇവര്‍ മോഷണത്തിന് ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ ഈ മാസം 14ന് മുളവുകാട് നിന്നും മോഷണം ചെയ്തതാണെന്ന് സമ്മതിച്ചു. കൂടാതെ പുത്തന്‍വേലിക്കരയില്‍ ഒരു വീട് പൊളിച്ച് അകത്തു കയറിയും, 17ന് കോടനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തിയതായും, 27ന്പുലര്‍ച്ചെ കോട്ടയം ഏറ്റുമാനൂര്‍ കടുത്തുരുത്തി പെട്രോള്‍ പമ്പുകളിലായി മൂന്നു മോഷണങ്ങള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
നിരവധി കേസുകളിലെ പ്രതിയായ യദുകൃഷ്ണ വടക്കേക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ്. ഇയാള്‍ക്ക് മുനമ്പം, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് പറവൂര്‍, ആലുവ , ചേരാനല്ലൂര്‍ സ്റ്റേഷനുകളിലായി മോഷണം , കവര്‍ച്ച, കഞ്ചാവ് കേസ് തുടങ്ങിയവയുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18ന് കാപ്പാ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയ ഇയാള്‍ ഒരു വര്‍ഷം തടവു ശിക്ഷക്ക് ശേഷം കഴിഞ്ഞ മാസം 18നാണ് പുറത്തിറങ്ങിയത്.
പെരുമ്പാവൂര്‍ എ എസ് പി ശക്തി സിംഗ് ആര്യ, ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, സബ് ഇന്‍സ്‌പെക്ടര്‍ പി.എം റാസിഖ്, എ.എസ്.ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയര്‍ സി പി ഒ മാരായ ടി.എ അഫ്‌സല്‍, വര്‍ഗീസ് ടി വേണാട്ട് ബെന്നി ഐസക്, സി പി ഒ മാരായ നജ്മി, ബിബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.