ആടിനെ വച്ച് കെണി; ഒന്നും സംഭവിക്കാത്തതുപോലെ വിരുതൻ അതുവഴി നടന്നത് മൂന്ന് തവണ; പുലി ഭീതിയിൽ മണ്ണാര്‍മല നിവാസികൾ
By : സ്വന്തം ലേഖകൻ
Update: 2025-08-25 15:39 GMT
മലപ്പുറം: മണ്ണാര്‍മലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി പുലി ഭീതി. ഞായറാഴ്ച പുലര്‍ച്ചെ 3 തവണയാണ് ക്യാമറക്ക് മുന്നിലൂടെ പുലി കടന്നു പോയത്. ഇതിന് സമീപത്തായി കെണിയുണ്ടായിട്ടും കുടുങ്ങിയില്ല. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ഇവിടെ പുലിയുടെ സാന്നിധ്യം വീണ്ടും കാണുന്നത്.
സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് ആടിനെ ഇരയായി വെച്ച്, മാറ്റി സ്ഥാപിച്ച കെണിയിലേക്ക് നോക്കാതെ പുലി നടന്നുപോയി. ഞായറാഴ്ച പുലര്‍ച്ചെ 3.36ന് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങി വരുന്നതും 3.44ന് തിരികെ കയറി പോകുന്നതും പിന്നെ 3.50ന് വീണ്ടും താഴേക്ക് ഇറങ്ങുന്നതുമായ 3 ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. റോഡിനു തൊട്ടടുത്താണ് പുലിയെത്തിയത്. മണ്ണാര്‍മലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.