എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം; അകലം ക്രമീകരിക്കാന്‍ ആവശ്യമായ ബാരിക്കേഡുകള്‍, വടം എന്നിവ ഉണ്ടായിരിക്കണം; ആന എഴുന്നള്ളിപ്പുകള്‍ നടത്താന്‍ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം; ആനയെഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
മലപ്പുറം: ഉത്സവത്തിന് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റി. ഉത്സവത്തിന് ആനകള്‍ ഇടയുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനായാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചതുപോലെ ആനകളും ജനങ്ങളും തമ്മില്‍ നിശ്ചിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും. എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നില്‍ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേണ്ടത്. അകലം ക്രമീകരിക്കാന്‍ ആവശ്യമായ ബാരിക്കേഡുകള്‍, വടം എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഉത്സവക്കമ്മിറ്റി ഒരുക്കണം. ഈ സ്ഥലത്ത് ആനകളും പാപ്പാന്മാരും കാവടികളും മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. അപകടകാരിയായ ആനയുടെ സമീപത്തു നിന്നും ജനങ്ങളെ കാലതാമസം കൂടാതെ മാറ്റണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.
ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിപ്പുകള്‍ നടത്താന്‍ പാടുള്ളൂ. ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതിയുണ്ടായിരിക്കില്ല. ഉത്സവം നടത്താനുദ്ദേശിക്കുന്ന തീയതിക്ക് ഒരു മാസം മുമ്പായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം.
ഉത്സവക്കമ്മിറ്റികള്‍ക്ക് നാട്ടാന പരിപാലന ചട്ടം-2012 സംബന്ധിച്ച പരിശീലന പരിപാടി സോഷ്യല്‍ ഫോറസ്ട്രി ഓഫീസ് സംഘടിപ്പിക്കും. തുടര്‍ച്ചയായ രണ്ട് പ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടികളില്‍ ആന ഇടഞ്ഞ് പ്രശ്‌നമുണ്ടാവുകയോ അനുവദിച്ചതില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കുകയോ ചെയ്താല്‍ ആ പ്രദേശത്തെ ആനയെഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്സവ സ്ഥലത്ത് ആനകള്‍ക്കും പാപ്പാന്മാര്‍ക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനും ഉത്സവ കമ്മിറ്റികള്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കി.